ശ്രീ കാശിവിശ്വനാഥ ക്ഷേത്രം, ചെറിയഴീക്കല്‍
ഭാരതീയരുടെ സാമൂഹ്യ ജീവിതം പൊതുവേ പരിശോധിക്കുമ്പോള്‍ അതില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നു ബോധ്യമാകുന്നു. മനുഷ്യജീവതത്തിന്‍റെ സുന്ദരമായ എല്ലാ വശങ്ങളും കല, ശാസ്ത്രം, സാഹിത്യം, തുടങ്ങിയവയും വളര്‍ത്തുന്നതും വികസിച്ചതും ക്ഷേത്രങ്ങളില്‍ കൂടിയാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല. മഹാക്ഷേത്രങ്ങളെല്ലാം തന്നെ ആര്‍ഷഭാരതസംസ്കാരത്തിന്‍റെ ശക്തി അജയ്യമാണെന്ന് വിളിച്ചറിയുച്ചുകൊണ്ടു തലയുര്‍ത്തി നില്‍ക്കുന്നതുകാണുമ്പോള്‍ ഈശ്വരന്‍ കുടികൊള്ളുന്ന മനുഷ്യശക്തിക്ക് അതീതമായ ചൈതന്യവും ശക്തിവിശേഷവും നിറഞ്ഞുതുളുമ്പുന്ന ആ മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ അറിയാതെ തന്നെ നമ്രശിരസ്കരാകുന്നു.
ക്ഷേത്രാരാധനയില്‍ അര്‍ദ്ധനാരീശ്വരരൂപത്തിന്‍റെ മറ്റൊരുവശം മാത്രമാണ് ശങ്കരനാരായണന്‍. അര്‍ദ്ധനാരീശ്വര രൂപത്തില്‍ വലതുഭാഗത്ത് ശിവനും ഇടതുഭാഗത്ത് ശ്രീപാര്‍വ്വതിയും ശങ്കരനാരാണ രൂപത്തില്‍ ശ്രീപാര്‍വ്വതിയുടെ സ്ഥാനം വിഷ്ണുവിനും, ശിവനും മഹാവിഷ്ണുവുമാണ് സ്യഷ്ടികള്‍ക്ക് കാരണമെന്നും അവരിരുവരും ചേര്‍ന്നതാണ് ശിവന്‍റെ അര്‍ദ്ധനാരീശ്വര രൂപമെന്നും മാര്‍ക്കണ്ഡേയപുരാണത്തില്‍ പറയുന്നു. ശ്രീ അയ്യപ്പന്‍റെ ജനനത്തിന് കാരണമായി പറയുന്ന വേളയിലും ശിവന്‍ പുരുഷഭാവവും വിഷ്ണുമോഹനിരൂപത്തില്‍ സ്ത്രീഭാവവും ആണ് സ്വീകരിച്ചത്. പ്രപഞ്ചത്തില്‍ പുരുഷനേയും പ്രകൃതിയേയും പിരിയുവാന്‍ സാധ്യമല്ല എന്ന തത്ത്വമാണ് ഈ രൂപങ്ങള്‍ കുറിക്കുന്നത്. ശിവനും വിഷ്ണുവും ഒന്നാണെന്നും ശിവനില്‍ വിഷ്ണുവിനെയും വിഷ്ണുവില്‍ ശിവനെയും കാണാമെന്നും വാമനപുരാണത്തില്‍ പറയുന്നു. ശങ്കരനാരായണ രൂപത്തില്‍ വലതുഭാഗത്ത് അര്‍ദ്ധനാരീശ്വര (ഗദയും കടകവും) ആയിരിക്കും. ശിരസ്സില്‍ കിരീടം, കാതില്‍ മകരകുണ്ഡലം, കൈയ്യില്‍ കേയീരകങ്കണാദി ആഭരണങ്ങള്‍. പിന്നില്‍ ശിരചക്രവും ഇരുഭാഗങ്ങളില്‍ ദേവിമാരും ഉണ്ടായിരിക്കും.
ശങ്കരനാരായണന്‍റേയും അര്‍ദ്ധനാരീശ്വരന്‍റെയും രൂപങ്ങള്‍ മിക്ക ശിവക്ഷേത്രങ്ങളിലും ഉണ്ടാകാമെങ്കിലും ശങ്കരനാരായണന് മുഖ്യത്വം കൊടുത്തിട്ടുള്ള ക്ഷേത്രങ്ങളില്‍ വെച്ച് പ്രധാന്യം അര്‍ഹിക്കുന്ന ഒരു മഹാക്ഷേത്രമാണ് ചെറിയഴീക്കല്‍ ശ്രീ. കാശിവിശ്വനാഥക്ഷേത്രം.
ചെറിയഴീക്കല്‍ ശ്രീ. കാശിവിശ്വനാഥക്ഷേത്രത്തിലെ ശ്രീകോവിലില്‍ വ്യത്യസ്ത ശങ്കരനും ഇടതുഭാഗത്ത് വിഷ്ണുവും പ്രത്യേകമായി രണ്ട് പീഠങ്ങളില്‍ കുടികൊള്ളുന്നു. കേരളത്തില്‍ മുന്നോ നാലോ ക്ഷേത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ ഉള്ളതായി അറിവുള്ളൂ. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിന്‍റെ തീരദേശമായ ആലപ്പാട് പഞ്ചായത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായും പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കായംകുളം കായലിനും ഇടയിലായി രണ്ടു കിലോ മീറ്ററോളമുള്ള മനോഹരമായ ഒരു വികസിത പ്രദേശമാണ് ചെറിയഴീക്കല്‍.
ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയഴീക്കല്‍ കാശിവാസി അപ്പൂപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു മഹാത്മാവ് ജീവിച്ചിരുന്നു. അദ്ദേഹം ഒരിക്കല്‍ ഏതോ ആവശ്യത്തിനായി ചവറയില്‍ പോയപ്പോള്‍ അവിടെവച്ച് ഒരു കൂട്ടും ഗോസ്വാമിമാരെ കണ്ടു. അവര്‍ എവിടെ പോകുന്നുവെന്ന് അദ്ദേഹം ആരാഞ്ഞു. 'ഞങ്ങള്‍ കാശിക്ക് പോകുന്നുന്നു ഞാനും നിങ്ങളുടെ കൂടെ വന്നോട്ടെ' എന്ന് കാശിവാസി അപ്പുപ്പന്‍. 'വളരെ ബുദ്ധിമുട്ട് അനുഭവിച്ചാല്‍ മാത്രമേ ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാശിയിലെത്തു. അതുകൊണ്ട് നിങ്ങള്‍ വരുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല' 'എന്തു ബുദ്ധിമുട്ടുകള്‍ ആയാലും ഞാന്‍ സഹിക്കാം. എനിക്ക് കാശിനാഥനെ കണ്ടുവണങ്ങുവാന്‍ ആഗ്രഹമുണ്ട്.' അപ്പുപ്പന്‍റെ ആഗ്രഹം കാരണം ഗോസ്വാമിത്തലവര്‍ സമ്മതിച്ചു.
അങ്ങനെ അവര്‍ യാത്രയായി. മൂന്നാം ദിവസം മരുത്വാമലയില്‍ തങ്ങി. അടുത്ത ദിവസം അവിടെ നിന്നും യാത്രതിരിച്ച് കന്യാകുമാരി ശുചീന്ദ്രം, മധുരമീനാക്ഷി ക്ഷേത്രം ഇവ കണ്ട് കിഴക്കേ തീരത്തുകൂടി അവര്‍ യാത്രയായി. ഒന്‍പത് മാസം പിന്നീട്ട് ഒറീസയുടെ തീരപ്രദേശത്തുള്ള കട്ടക് എന്ന സ്ഥലത്ത് പുരി ജഗന്നാഥക്ഷേത്രത്തില്‍ എത്തി. അവിടെ ഒന്‍പത് ദിവസം എല്ലാവരും കൂടി ധ്യാനിച്ച് ഭജനം പാര്‍ത്തു. അവിടെ നിന്നും ബനാറസ് വഴി ഗംഗാതീരത്തുകൂടി കാശിയില്‍ എത്തി.
കാശിയില്‍ എത്തുമ്പോഴേക്കും കാശിയപ്പൂപ്പന്‍ യഥാര്‍ത്ഥത്തില്‍ ഒരു യോഗിയായി എന്നു പറയുന്നതാണ് ശരി. ഏതാണ്ട് രണ്ട് വര്‍ഷക്കാലം അദ്ദേഹം കാശിയില്‍ ഭജിച്ചും ജപിച്ചും കാലം കഴിച്ചു. ഒരു ദിവസം ഉറക്കത്തില്‍ കാശിയപ്പൂപ്പന് ദര്‍ശനമുണ്ടായി. സ്വപ്നത്തില്‍ ആരോ അദ്ദേഹത്തെ വിളിച്ച് ഇങ്ങനെ പറഞ്ഞു. 'ഇനി നിനക്ക് തിരിച്ചുപോകാന്‍ സമയമായി' അന്നു വെളുപ്പിന് ഗംഗാനദിയില്‍ മുങ്ങിക്കുളിക്കവേ കയ്യില്‍ ഒരു സാളഗ്രാമം കിട്ടി.സാളഗ്രാമം എന്നത് വിഷ്ണു വിഗ്രഹത്തിന് പകരം വിഷ്ണു ചൈതന്യ മടങ്ങിയ ശില പൂജിക്കുന്ന പതിവുണ്ട്. നേപ്പാളിലെ ഗണ്ഡകീനദിയുടെ ഉത്ഭസ്ഥാനമായ ശാലഗ്രാമി എന്ന പ്രദേശത്തു നിന്നും ലഭിക്കുന്ന ശിലാരൂപങ്ങളാണ് സാളഗ്രാമങ്ങള്‍ എന്നറിയപ്പെടുന്നത്. ലക്ഷ്മിനാരായണം, സുദര്‍ശനം, നരസിംഹം എന്നിങ്ങനെ പത്തൊന്‍പത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട്. സ്ത്രീകള്‍ സാളഗ്രാമപൂജ നടത്തുവാന്‍ പാടില്ല എന്ന് പുരാണങ്ങളില്‍ കാണുന്നു.
ഈശ്വരനെ ധ്യാനിച്ച് ആ ശില അദ്ദേഹം ഭാണ്ഡങ്ങളില്‍ സൂക്ഷിച്ചു. ക്ഷേത്രദര്‍ശനത്തിനുശേഷം ഗോസ്വാമി തലവന്‍ അപ്പുപ്പനോടായി ഇങ്ങനെ പറഞ്ഞു. നിന്നെ എന്തിനായി ദൈവനിയോഗിച്ചുവോ അത് സാധിച്ചിരുന്നു. ഇനി നിനക്ക് തിരിച്ചു നാട്ടില്‍ പോകാം. ഈ സാളഗ്രാമം ത്രിവേണി സംഗമത്തിന്‍റെ കരയില്‍ സ്ഥാപിക്കണം. നിന്‍റെ നാട് വരും കാലം ഈ മഹാക്ഷേത്രനാമത്തില്‍ അറിയപ്പെടും. ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹത്തെ സ്വാമിമാര്‍ യാത്രയാക്കി.
ഈ ശിലയുമായി അദ്ദേഹം നീണ്ട ഒന്നര വര്‍ഷത്തിന് ശേഷം ഇവിടെ എത്തിച്ചേര്‍ന്നു. മൂന്ന് കായലുകള്‍ ചേരുന്ന സ്ഥലലമാകയാല്‍ ത്രിവേണി സംഗമമായി സങ്കല്‍പ്പിച്ച് ഇപ്പോള്‍ ക്ഷേത്രം നില്ക്കുന്നതിനു മുമ്പിലായി അവര്‍ പ്രതിഷ്ഠിച്ചു. സാളഗ്രാമം ഇവിടെ നിന്നും കൊണ്ടുപോയി എങ്കിലും അതിന്‍റെ ഈശ്വരചൈതന്യം പില്‍ക്കാലത്ത് ക്ഷേത്രമുണ്ടാക്കിയപ്പോള്‍ ഇവിടെ മഹാവിഷ്ണു പ്രതിഷ്ഠയില്‍ ലയിക്കുകയായിരുന്നു. സാളഗ്രാമം കൊണ്ടുപോയതിനുശേഷം പടക്കുറുപ്പന്‍മാര്‍ ഇരിക്കപ്പൊറുതിയില്ലാതായി. അവര്‍ ജ്യോത്സ്യനെക്കൊണ്ടുവന്ന് കളമിട്ടു പ്രശ്നം നോക്കിയതില്‍ അവരുടെ പ്രവൃത്തിയില്‍ മഹാദേവന് തൃപ്തിയില്ലെന്നും ആകയാല്‍ പ്രായശ്ചിത്തകര്‍മ്മങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ഉപദേശിച്ചു.
വൈഷ്ണവചൈതന്യം ആദ്യം സ്ഥാപിച്ച സ്ഥലത്ത് തന്നെ നിലകൊള്ളുകയാല്‍ ചെയ്തതെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവയൊന്നും വകവെയ്ക്കാതെ കുംഭമാസത്തില്‍ ശിവരാത്രി മഹോത്സവവുമായി മുന്നോട്ടു നീങ്ങിയെങ്കിലും കൊടിയേറാത്ത സാഹചര്യം അവിടെ സംജാതമാകുകയും കൊടിമരം തന്നെ ഒടിഞ്ഞുവീഴുകയും ചെയ്തു.പിന്നെ ജ്യോത്സ്യന്‍ പറഞ്ഞ പ്രകാരം ചെറിയഴീക്കല്‍ ക്ഷേത്രത്തില്‍ കൊടിയേറി ഉത്സവം കഴിഞ്ഞേ ഇന്നും പടനായര്‍കുളങ്ങര മഹാദേവന് ശിവരാത്രിയുള്ളൂ. ഇത് ഒരു ചരിത്രസത്യമായി ഇന്നും നിലനില്‍ക്കുന്നു. കാശിവാസി അപ്പൂപ്പന്‍ തിരിച്ച് കാശിയില്‍ തന്നെ പോയി അവിടെ സമാധിയാകുകയായിരുന്നു. ഇവിടുത്തെ ശ്രീകോവിലിന് തെക്കുകിഴക്ക് വടക്കോട്ട് ദര്‍ശനമാക്കി സ്ഥാപിച്ചിട്ടുള്ള ക്ഷേത്രം കാശിവാസി അപ്പുപ്പനെ പീഠവാസിയായി പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. അതില്‍ നിത്യപൂജയും നടത്തുന്നു.
ചെറിയഴീക്കൽ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇപ്പോൾ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
ചെറിയഴീക്കല്‍ വടക്കേനട ശ്രീ ഭഗവതീക്ഷേത്രം
എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ലോകമാതാവാണ് ചെറിയഴീക്കല്‍ ഭഗവതി. പേരും പെരുമയും പഴക്കവുമുളള ഒരു പുണ്യ പുരാതന ക്ഷേത്രമാണ് ചെറിയഴീക്കല്‍ ശ്രീ വടക്കേനട ശ്രീ ഭഗവതീ ക്ഷേത്രം.