മുക്കാലുവട്ടത്ത് ശ്രീ മഹാഗണപതി ക്ഷേത്രം, ചെറിയഴീക്കൽ
ചരിത്ര പ്രാധാന്യമുള്ള ചെറിയഴീക്കലെ ഒരു ഗണപതി ക്ഷേത്രമാണ് മുക്കാലുവട്ടത്ത് ശ്രീ മഹാഗണപതി ക്ഷേത്രം.
വടക്കുനിന്നും ജല മാര്‍ഗ്ഗമെത്തി മുക്കാലുവട്ടത്ത് തങ്ങുകയും, പിന്നെ സ്ഥിരതാമസമാക്കുകയും ചെയ്‌ത ഏതാനും കുടുംബങ്ങള്‍ അവരുടെ ആരാധമൂര്‍ത്തിയായ വിഘ്‌നേശ്വരന് ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്‌ഠ നടത്തി. സ്വകാര്യക്ഷേത്രം എന്ന നിലയില്‍ പുജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്ന ഈ ക്ഷേത്രം ക്രമേണ പൊതു ആരാധനാകേന്ദ്രമായി മാറുകയും വിശ്വാസികള്‍ വര്‍ദ്ധിക്കുകയും ചെയ്‌തു. ഉടമസ്ഥ കുടുംബങ്ങള്‍ ഏറിയ കൂറും കാലാന്തരത്തില്‍ താമസം ഉപേക്ഷിച്ച് പോകുകയും ക്ഷേത്രം അവശേഷിച്ച ഒരു കുടുംബത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലായിത്തീരുകയും ചെയ്‌തു. പൂജകള്‍ നിലച്ച് ജീര്‍ണ്ണാവസ്ഥയിലായ ഈ ക്ഷേത്രവും മുക്കാല്‍വട്ടത്ത് പുരയിടവും തെക്കേവീട്ടില്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലെത്തി.
ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് വിഘ്‌നേശ്വര പ്രതിഷ്‌ഠ നടത്തി ആരാധനായോഗ്യമാക്കിയത് 1998 ജൂലൈ 6 നാണ്. ആചാര്യന്‍ ബ്രഹ്മശ്രീ സൂലപാണിതന്ത്രികള്‍ പ്രതിഷ്‌ഠ നടത്തി. ദേവതാബന്ധങ്ങളെ വിവിധ ദേവാലയങ്ങളിലായി സമര്‍പ്പിച്ചിരിക്കുന്നു. സര്‍പ്പങ്ങളെയും ബ്രഹ്മരക്ഷസിനെയും യോഗീശ്വരനെയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. വിഗ്രങ്ങള്‍ ചെങ്ങന്നൂരില്‍ നിന്നും ഭക്തിപൂര്‍വ്വം കൊണ്ടുവന്ന് ബഹു സഹസ്രം വിശ്വാസികളായ നാട്ടുകാരുടെ സഹകരണത്തിലും സാന്നിദ്ധ്യത്തിലുമാണ് പ്രതിഷ്‌ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. ക്ഷേത്ര ഭരണം തെക്കേ വീട്ടില്‍ കുടുംബട്രസ്റ്റിന്റെ ചുമതലയിലുണ്ടായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിൻെറ ചുമതലയിലാണ് നടത്തപ്പെ ടുന്നത്.
ഉത്സവ ചിത്രങ്ങളിലൂടെ
പ്രകൃതി രമണീയവും ഭക്തിസാന്ദ്രവുമായ ചെറിയഴീക്കൽ ഗ്രാമത്തിലെ ഉത്സവകാഴ്ചകളിൽ നിന്ന്.....