ചെറിയഴീക്കല്‍ ഗ്രാമത്തെക്കുറിച്ചു അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായി
കൈവര്‍ത്ത ഗ്രാമമാണ് ചെറിയഴീക്കല്‍. അവിടെ വാണരുളുന്ന ഈശ്വര ചൈതന്യത്തെ വണങ്ങി ഉയര്‍ന്നും താണും ഉച്ചസ്ഥായി പുലര്‍ത്തുന്ന സാഗരതീരങ്ങളാല്‍ സദാ മുഖരിതമാണ് തീരത്തിലെ മണല്‍പ്പുറം. അടുത്തടുത്ത് നിലകൊളളുന്ന രണ്ട് ക്ഷേത്രങ്ങളുണ്ടിവിടെ, ഒന്ന് ദേവിയുടേതും മറ്റൊന്ന് ശങ്കരനായണന്റേതും പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ് രണ്ടു ക്ഷേത്രങ്ങളും. മൽസ്യബന്ധത്തിനു പോകുന്നവരുടെ വകയായ ഈ ക്ഷേത്രങ്ങളില്‍ പുരാതനകാലം മുതല്‍ക്കേ പാരമ്പര്യ വിധി പ്രകാരമുളള ആരാധനാരീതിയാണ് നിലനിന്നുപോരുന്നത്. ഈ വസ്‌തുത പരമപ്രാധാന്യമര്‍ഹിക്കുന്നു. പ്രസ്‌തുത സത്യവും അതിനോട് ബന്ധപ്പെട്ട സാമൂഹിക ഭാവങ്ങളും ഇന്നോളം വേണ്ടത്ര പ്രകാശമാനമായിട്ടില്ല. ഈ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തെപ്പറ്റി ഒരു ലഘുപ്രസ്‌താവന തയ്യാറേക്കേണ്ട സമയം സംഗതമായിരിക്കുന്നുവെന്നു കരുതുന്നു.
ചവറ മുതല്‍ ഓച്ചിറയ്‌ക്ക് പടിഞ്ഞാറുളള അഴീക്കല്‍ വരെ നീണ്ടുകിടക്കുന്ന തീരപ്രദേശത്ത് അധിവസിക്കുന്ന കൈവര്‍ത്തര്‍ പണ്ടുമുതല്‍ക്കേ ഹിന്ദുമതാവലംബികളാണ്. അവരുടെ പാരമ്പര്യം സംഘകാലത്തേയും വിഖ്യാത തമിഴ് കൃതിയായ ചിലപ്പതികാരത്തെയും സ്‌പര്‍ശിക്കുന്നതാണ്. നിരപരാധിയായ കോവിലിനെ അന്യായമായി വധിച്ച പാണ്ട്യരാജന്റെ ക്രൂരകൃത്യത്തിനെതിരെ തഞ്ചാവൂര്‍ തീരവാസികള്‍ ആകെ ഇളകി. പരമപവിത്രയായ കണ്ണകിയുടെ ഉഗ്രശാപത്തിനിരയായ രാജാവും, രാജ്യവും അവരുടെ ക്രോധാഗ്നിയില്‍ വെന്തുനീറി. എന്നിട്ടും കോപാഗ്നി ശമിക്കാതെ വെന്തെരിഞ്ഞ പട്ടണം വിട്ടു മുന്നേറിയ കണ്ണകി അനന്തരം പരാശക്തിയില്‍ ലയിച്ചുവെന്നും ചേരരാജ്യമായ കേരളത്തിലെ കൊടുങ്ങല്ലൂര്‍ വരെ ചെന്നെത്തി അവിടെ കൂടികൊണ്ടുപോന്നുവെന്നുമാണ് ഐതീഹ്യം. അവര്‍ക്കായി അവിടെ അന്ന് ഉയര്‍ന്ന ക്ഷേത്രം ഇന്നും ദേവിയുടെ പ്രമുഖ ആരാധാനാലയങ്ങളില്‍ ഒന്നായി ഭാരതമൊട്ടുക്ക് വാഴ്‌ത്തപ്പെടുന്നു. രാജകോപം ഭയന്ന് തഞ്ചാവൂര്‍ തീരം വെടിഞ്ഞ പാവങ്ങള്‍ മധുരയില്‍ നിന്നും മടങ്ങി കേരളതീരത്തെ അഭയം പ്രാപിച്ചു. അതിലൊരു വിഭാഗമാണ് കരുനാഗപ്പളളിയുടെ തീരദേശത്തില്‍ എത്തിപ്പെട്ടത്.
അവരന്ന് കൂടെ കൊണ്ടുപോന്ന കണ്ണകി ദേവിയുടെ വിഗ്രഹമാണ് ഇന്നും ഇവിടുത്തെ പ്രതിഷ്‌ഠ. ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്‌താവിക്കേണ്ടതുണ്ട്. ജാതിവ്യവസ്ഥയും തജ്ജന്യവും നിര്‍ഭാഗ്യകരവുമായ പല വിലക്കുകളും അതിരൂക്ഷമായി നിലനിന്നപ്പോഴും ഈ കൈവര്‍ത്തര്‍ നൂറ്റാണ്ടുകളായി പാരമ്പര്യവിധിപ്രകാരമുളള ആരാധനാ സ്വാതന്ത്ര്യം അനുഭവിച്ചുപോരുകയായിരുന്നു. ഇത് സാമൂഹ്യമായി എത്രയും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
ഈ സമുദായം ഒരു കാലത്ത് അരശര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരുടെ വിഭാഗങ്ങള്‍ രാജതുല്യരോ പ്രമുഖരായ പ്രഭുക്കളെങ്കിലുമോ ആയിരുന്നുവെന്നു ഇത് സൂചിപ്പിക്കുന്നു. അരശനെന്ന പദത്തിന്റെ അര്‍ത്ഥം തന്നെ രാജാവ് അഥവാ പ്രഭു എന്നാണല്ലേ. കാലാന്തരത്തില്‍ ഈ പദം അരയനായി പരിണമിക്കുകയും അങ്ങനെ തന്നെ ഇന്നും നിലനില്‍ക്കുകയുമാണ്. മുഖ്യമായി കൈവര്‍ത്തരാണെങ്കിലും നൂറ്റാണ്ട് മുന്‍പ് മുതലേ അവര്‍ കൃഷിയിലും കച്ചവടത്തിലും വ്യാപരിച്ചിരുന്നു. ഭൂരിപക്ഷവും ഇന്ന് സാഗരസമ്പത്തിനെ ആശ്രയിച്ചു പുലരുന്നവര്‍ തന്നെ.
പുരാതനമായ ഈ ദേവീക്ഷേത്രത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. അതിന്റെ തൊട്ടു പിറകിലാണ് സമുദ്രം. ഇവിടുത്തെ പ്രതിഷ്0യ്‌ക്ക് 1800 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കേഴ്‌വി. കൃഷ്‌ണശിലയില്‍ തീര്‍ത്ത, നില്‍ക്കുന്ന ദേവീ വിഗ്രഹത്തിന്റെ ഒരു വാളുണ്ട്. കൈയ്യില്‍ വാളുണ്ട്. മറ്റേകൈയ്യില്‍ ഒരു കുടമാണുളളത്. അത് അമൃതകലശമാവണം. ദേവി ശിക്ഷയും രക്ഷയും പ്രദാനം ചെയ്യുന്നതിന്റെ പ്രതീകമാവണം ഇവ രണ്ടും.ദേവിയുടെ ആശ്രിതനായ വേതാളനും ഒപ്പമുണ്ട്. ഇവിടുത്തെ പൂജാദികര്‍മ്മങ്ങള്‍ പാരമ്പര്യവിധി പ്രകാരം വൈദികബ്രാഫ്‌മണരാണ് നിര്‍വ്വഹിക്കുന്നത്.
മേടമാസത്തിലാണ് (ഏപ്രില്‍/മേയ്) ഇവിടുത്തെ ഉല്‍സവം വാദ്യഘോഷാദി താളമേളങ്ങളോടെ ആഹ്‌ളാദത്തിമര്‍പ്പോടെ നടത്തപ്പെടുന്ന വാര്‍ഷികോല്‍സവം. വിശ്വാസം അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന ചൊല്ല് ഇവിടെ അനര്‍ത്ഥമാക്കപ്പെട്ടിരിക്കുന്നു. ദരിദ്രരായ മത്സ്യത്തൊഴിലാളികള്‍ സസന്തോഷം സംഭാവന ചെയ്‌ത ദ്രവ്യം കൊണ്ടാണ് ഇവിടുത്തെ കരികല്ലില്‍ തീര്‍ത്ത ക്ഷേത്രവും ചെമ്പു പൊതിഞ്ഞ ശ്രീകോവിലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതും അംഗീകൃത രീതിയും വിധിപ്രകാരമുളള വസ്‌തുക്കള്‍ വിനിയോഗിച്ചും പുത്തന്‍ പ്രവണതകളെ കര്‍ശനമായി വര്‍ജിച്ചിരിക്കുകയാണ്.
പ്രതിഷ്‌ഠ അതിപുരാതനത്വമുളളതാണെങ്കിലും, ക്ഷേത്രം ഏതാണ്ട് 12 ലക്ഷത്തില്‍പരം രൂപാ ചെലവുചെയ്‌ത് 1994-ല്‍ പുനരുദ്ധരിക്കപ്പെട്ടതാണ്. കല്ലിലെ കൊത്തുപണികളും ചുമര്‍ചിത്രങ്ങളും ഒഴിവാക്കിയിരുന്നെങ്കിലും കേരളത്തിന്റെ ക്ഷേത്ര നിര്‍മ്മിതിത്തനിമയ്‌ക്ക് സ്‌പഷ്‌ടനിദര്‍ശമായി ഇത് നിലകൊളളുന്നു.
ഈ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ.ശങ്കരനാരായണ ക്ഷേത്രം. അത് കൂടുതല്‍ ആധുനികരീതിയിലുളളതാണ്. പേര് സൂചിപ്പിക്കുപോലെ പ്രതിഷ്‌ഠ ശിവന്റെയും വിഷ്‌ണുവിന്റെയും ശക്തി ഒന്നു ചേര്‍ന്നിട്ടുളളതാണ്. ശിവന്റെ സന്തതവാഹനവും വിശ്വസ്‌തനുമായ വൃഷഭനന്ദിയും തൊട്ടടുത്തുണ്ട്.
ഈ ഗ്രാമീണര്‍ക്ക് ദാരിദ്ര്യം അജ്ഞാതമല്ലെങ്കിലും ഭക്തിയിലും അര്‍പ്പണബോധത്തിലും എത്രയും സമ്പന്നരാളവര്‍. മറ്റുളളവര്‍ക്ക് അനുകരണയോഗമാംവിധം മാതൃകയുമാണെന്നു പറയാതെവയ്യ. ഇവര്‍ക്ക് ഈ ക്ഷേത്രദർശനം പ്രദാനം ചെയ്യുന്ന ഈശ്വരാധീനം ചൈതന്യവത്താണെന്ന് കൂടി വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
കടല്‍ത്തീരത്തിലെ പുരാതന പുണ്യകേദാരം- 1995 ജൂലൈ 9-) തീയതിയിലെ ഹിന്ദു ദിനപത്രത്തിന്റെ ദേശീയ എഡിഷനില്‍ പ്രസിദ്ധീകരിച്ച അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടിയുടെ ലേഖനത്തിന്റെ മലയാള പരിഭാഷയിൽ നിന്ന്.
ചെറിയഴീക്കല്‍ ശ്രീ കാശിവിശ്വനാഥക്ഷേത്രം
ശങ്കരനാരായണന്‍റേയും അര്‍ദ്ധനാരീശ്വരന്‍റെയും രൂപങ്ങള്‍ മിക്ക ശിവക്ഷേത്രങ്ങളിലും ഉണ്ടാകാമെങ്കിലും ശങ്കരനാരായണന് മുഖ്യത്വം കൊടുത്തിട്ടുള്ള ക്ഷേത്രങ്ങളില്‍ വെച്ച് പ്രധാന്യം അര്‍ഹിക്കുന്ന ഒരു മഹാക്ഷേത്രമാണ് ചെറിയഴീക്കല്‍ ശ്രീ കാശിവിശ്വനാഥ ക്ഷേത്രം.....